തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ 185 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ 112 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്ന് റവന്യു വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍പ്പെട്ടവരെയാണ് ഇനി കൂടുതലായും കണ്ടെത്താനുള്ളത്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കയറിയിറങ്ങി നടത്തിയ വിവര ശേഖരണത്തില്‍ ലഭിച്ച കണക്കാണിത്. വിവര ശേഖരണം ഈയാഴ്ച പൂര്‍ത്തിയാക്കും.
കാണാതായവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന്റെ ഭാഗമായാണു കണക്കെടുപ്പ്. ദുരന്തത്തില്‍ കാണാതായവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 20 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന്റെ രണ്ടുലക്ഷവും ചേര്‍ത്ത് 22 ലക്ഷം രൂപയാണ് നല്‍കുക.
എന്നാല്‍ ഇത്രയും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടായിട്ടും കടലിലെ തെരച്ചില്‍ നടപടികള്‍ അധികൃതര്‍ ഉപേക്ഷിച്ചു. നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കടലില്‍ നടത്തി വന്ന തെരച്ചില്‍ നടപടികളാണ് അവസാനിപ്പിച്ചത്.