ഓഖി: ഇതുവരെ രക്ഷിച്ചെടുത്തത് 690 മത്സ്യതൊഴിലാളികളെ

ndian fishermen

തിരുവനന്തപുരം : ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ക്കയങ്ങളില്‍നിന്ന് രക്ഷിച്ചെടുത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണം 690 ആയി. ഞായറാഴ്ചമാത്രം രക്ഷാദൗത്യസേന 69 പേരുടെ ജീവനാണ് രക്ഷിച്ചത്. ഇനിയും കണ്ടെത്താനുള്ള 96 പേര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.

ഞായറാഴ്ച 14 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കേരളത്തിലെ മരണസംഖ്യ 28 ആയി. പൂന്തുറ സ്വദേശി ലാസറിന്റെ മൃതദേഹം ബോട്ടുകളില്‍ രാവിലെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൂന്തുറയില്‍നിന്ന് വൈകിട്ട് ഒരാളുടെ മൃതദേഹവുംകൂടി കിട്ടി. 40 വള്ളങ്ങളില്‍ 10 സംഘമായാണ് പൂന്തുറക്കാര്‍ തെരച്ചില്‍ നടത്തുന്നത്.

വിഴിഞ്ഞത്തുനിന്ന് രക്ഷാപ്രവര്‍ത്തനത്തിന് 11 ബോട്ടുകളില്‍ പോയ സംഘത്തിന് ആറ് മൃതദേഹങ്ങള്‍ കിട്ടി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തെരച്ചിലിന് സഹായിക്കുന്ന ബോട്ടുകളുടെ ഇന്ധനച്ചെലവ് ഉള്‍പ്പെടെ സര്‍ക്കാര്‍ വഹിക്കും. നാവിക സേന കണ്ടെത്തിയ ഒരു മൃതദേഹം ഹെലികോപ്റ്ററിലെത്തിച്ചു. കൊല്ലം വാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് മൃതദേഹവും നാവികസേന ആശ്രാമം മൈതാനത്ത് ഒരു മൃതദേഹവും എത്തിച്ചു. ലക്ഷദ്വീപില്‍ ഒരു മലയാളിയുടെ മൃതദേഹം കണ്ടെടുത്തു.

തിരുവനന്തപുരം 197, കൊല്ലം 54, ആലപ്പുഴ 25, എറണാകുളം 43, തൃശൂര്‍ 73, കോഴിക്കോട് 120, കണ്ണൂര്‍ 178, കാസര്‍കോട് 2 എന്നിങ്ങനെയാണ് സുരക്ഷിതരായി ഇതുവരെ എത്തിച്ചേര്‍ന്നവരുടെ കണക്ക്. ഇവരില്‍ 68 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്ര, ലക്ഷദ്വീപ്, തമിഴ്‌നാട് തീരങ്ങളിലും കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ട്.

കടല്‍ക്ഷോഭംമൂലം ആലപ്പുഴ ജില്ലയില്‍ 414 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 1516 പേരുണ്ട്. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ ഒന്നര കിലോമീറ്ററോളം കടല്‍കയറി. നാലായിരത്തി ഇരുനൂറോളംപേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.

Top