കൊച്ചി: കടലില്‍ പൊന്നു തേടി പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കേരളതീരം അണിയുമ്പോഴും ആ വേദന കാണാതെ ഐ.എസ്.എല്‍ അധികൃതര്‍.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഇതുവരെ മുപ്പതോളം പേര്‍ മരണപ്പെട്ട കേരളത്തില്‍ ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരം മാറ്റിവയ്ക്കാതിരുന്ന നടപടിയാണ് ഇപ്പോള്‍ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
ഞായര്‍ വൈകിട്ടത്തെ കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ് സി യുമായുള്ള മത്സരം കേരളത്തിലെ ദുരന്തം മുന്‍ നിര്‍ത്തി മാറ്റി വയ്ക്കാമായിരുന്നെങ്കിലും അത് ചെയ്യാതിരുന്നത് സംഘാടകരുടെ പണക്കൊതി മൂലമാണെന്നന്നാണ് ആരോപണം.
പ്രകൃതിക്ഷോഭത്തേക്കാളും മരണത്തേക്കാളും വലുതാണ് ആഘോഷമെന്ന കാഴ്ചപ്പാട് ശരിയല്ലന്ന വികാരമാണ് സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ഉയരുന്നത്.
ഇനിയും 33 പേരാണ് പൂന്തുറയില്‍ മാത്രം കടലില്‍ നിന്നും തിരിച്ചെത്താനുള്ളത്.കൊച്ചിയിലെ ഗാലറികളില്‍ ഗോളിനായി ആരവമുയരുമ്പോള്‍ വിഴിഞ്ഞത്തും പൂന്തുറയിലും വീടുകളില്‍ നിന്നുയരുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കൂട്ട നിലവിളിയാണ്.