ഓഖി ദുരന്തം ; കേരളത്തിനും തമിഴ്‌നാടിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നേരത്തെ, കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ദുരന്തമുണ്ടായപ്പോള്‍ തന്നെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും, നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 408 പേരെ ഇതുവരെ ജീവനോടെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും, രക്ഷാ പ്രവര്‍ത്തകരേയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും, മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ടെന്നും, കോപവും ആക്രോശവും വേണ്ട, രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

മാത്രമല്ല, യുദ്ധ സമാനമായ തിരച്ചിലാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്നും, ഇനി തിരച്ചില്‍ സംഘങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ലെന്നും, അതുകൊണ്ടുതന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

Top