ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീമിന്റെ പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ പാക്ക് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതി അധ്യക്ഷന്‍. ഇന്ത്യ-പാക്ക് നയതന്ത്ര സാഹചര്യവും കായികബന്ധവും വിലയിരുത്തി സമിതി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് റിപ്പോര്‍ട്ട് നല്‍കും.
ടീം കളിക്കുന്ന വേദികളിലെ സുരക്ഷ വിലയിരുത്താന്‍ ലോകകപ്പിനു മുന്‍പ് ഇന്ത്യയിലേക്കു സംഘത്തെ അയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. അതേസമയം ഏഷ്യാ കപ്പിനായി ഇന്ത്യ, പാക്കിസ്ഥാനിലേക്കു ടീമിനെ അയച്ചില്ലെങ്കില്‍ ലോകകപ്പിനു പാക്ക് ടീമിനെ ഇന്ത്യയിലേക്കും അയയ്‌ക്കേണ്ടതില്ലെന്നു പാക്ക് സര്‍ക്കാര്‍ നിലപാടെടുത്തതായി സൂചനയുണ്ട്.