റൂര്‍ക്കേല: ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ചു നല്‍കി ഒഡീഷ. 1005 ടാങ്കര്‍ ലോറികളിലായി 18540.576 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് ഒഡീഷ പോലീസിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് അയച്ചത്. കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ന് വീണ്ടും പുറപ്പെടും.
റൂര്‍ക്കേല, ജജ്പൂര്‍, ധെങ്കനാല്‍, അങ്കുള്‍ ജില്ലകളില്‍ നിന്നാണ് ഓക്‌സിജന്‍ ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കപ്പെട്ടത്. അങ്കുളില്‍ നിന്നും 1440 മെട്രിക് ടണ്‍ ഓക്‌സിജനുമായി 90 ടാങ്കറുകളും, ധെങ്കനാലില്‍ നിന്നും 4332 മെട്രിക് ടണ്‍ ഓക്‌സിജനുമായി 262 ടാങ്കറുകളും, റൂര്‍ക്കേലയില്‍ നിന്നും 7838 മെട്രിക് ടണ്‍ ഓക്‌സിജനുമായി 410 ടാങ്കറുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞു.
ഇതുകൂടാതെ 22 ടാങ്കറുകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയാറായി നില്‍ക്കുകയാണെന്നും ഒഡീഷ പോലീസ് അറിയിച്ചു. കഴിഞ്ഞ 29 ദിവസങ്ങളിലായി ഒഡീഷയിലെ വിവിധ ജില്ലകളില്‍ നിന്നും നിരവധി മെട്രിക് ടണ്‍ ഓക്‌സിജനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തത്.