ഭുവനേശ്വര്‍: ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനത്തെ ദേശീയ പാതകളെല്ലാം ഗ്രാമീണ റോഡുകളാക്കി ഒഡീഷ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
പ്രധാന നഗരങ്ങളിലൂടെ പോകുന്ന ദേശീയപാതകളെല്ലാമാണ് ഗ്രാമീണ റോഡുകളായി സംസ്ഥാനത്ത് മാറിയത്. എന്നാല്‍ ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതകള്‍ക്ക് വിജ്ഞാപനം ബാധകമാക്കിയിട്ടില്ല.സര്‍ക്കാര്‍ വിജ്ഞാപനം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഒഡീഷ എക്‌സൈസ് സെക്രട്ടറി ബിഷ്ണുപത സേതി പ്രതികരിച്ചു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന – ദേശീയ പാതയോരങ്ങളിലെ മദ്യശാലകളെല്ലാം സീല്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31നാണ് ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധി മറികടക്കാന്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ദേശീയപാതകള്‍ ഗ്രാമീണ പാതകളാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.