ഒഡീഷ ട്രെയിൻ അപകടം; റെയിൽവേയുടെ വിവിധ വകുപ്പുകൾ ഭിന്നാഭിപ്രായത്തിൽ

ബാലസോർ : ബാലസോറിലെ ട്രെയിൻ ദുരന്തത്തിന്റെ കാരണം സംബന്ധിച്ചു റെയിൽവേയുടെ വിവിധ വകുപ്പുകൾ ഭിന്നാഭിപ്രായത്തിൽ. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിനു കാരണമെന്ന റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനോട് 4 അംഗ സമിതിയിലെ അംഗമായ സീനിയർ സെക്‌ഷൻ എൻജിനീയർ (സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻ) എ.കെ.മഹന്ത വിയോജിച്ചു. നേരത്തേ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനോടു യോജിച്ച മഹന്ത പിന്നീടു വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. സിഗ്നലിങ്ങിൽ കണ്ട മാറ്റങ്ങൾ അപകടത്തിനുശേഷം സംഭവിച്ചതാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം. അപകടം നടന്ന ബാലസോറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് മഹന്ത.

കൊറമാണ്ഡൽ എക്സ്പ്രസ് ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവുമൂലം ലൂപ് ലൈനിലേക്ക് ഓടിക്കയറുകയും ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സിഗ്നൽ സംവിധാനത്തിലെ കുഴപ്പമല്ലെന്നും പാളത്തിൽ 4 മില്ലിമീറ്ററിലധികം വിടവുണ്ടായിരുന്നെന്നും നേരത്തേതന്നെ സിഗ്നലിങ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.

പ്രാഥമിക പരിശോധനയിൽ ഭിന്നാഭിപ്രായങ്ങൾ സാധാരണയാണെന്നും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. അപകടത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്ന സൂചനയെത്തുടർന്നു സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ സിബിഐ ചോദ്യം ചെയ്തു.

മോർച്ചറികളിൽ തിരിച്ചറിയാൻ പറ്റാതെ വച്ചിരിക്കുന്ന മൃതദേഹങ്ങളുടെ അവകാശികളെ കണ്ടെത്താൻ മുപ്പതോളം പേരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ഡൽഹി എയിംസിലേക്ക് അയച്ചിട്ടുണ്ടെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.

Top