ബാലസോർ ട്രെയിൻ ദുരന്തനിവാരണത്തിൽ റെയിൽവേയുടെ പ്രവർത്തനം രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധനേടുന്നു. 3,000 പേർ 51 മണിക്കൂർ കഠിനാധ്വാനം ചെയ്താണ് അപകടമുണ്ടായ പ്രദേശത്ത് ദുരന്തനിവാരണം പൂർത്തിയാക്കിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുമിച്ചുനിന്നതോടെ രണ്ട് ദിവസത്തിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കാനുമായി.
കഴിഞ്ഞ നവംബറിൽ ബെർലിനും ഹന്നോവറിലും ഇടയിൽ ചരക്കുതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. വികസിത യൂറോപ്യൻ രാജ്യത്ത് 24 ദിവസമെടുത്താണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. എന്നാൽ അതിനേക്കാൾ വലിയ ദുരന്തം സംഭവിച്ച ബാലസോറിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നത് ഇന്ത്യൻ റെയിൽവെയുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ ആസൂത്രണമാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ഇവിടെ നടത്തിയത്.
റെയിൽവെ തയാറാക്കിയ അജൻഡ
അപകടത്തിൽപെട്ട കോച്ചുകൾ നീക്കം ചെയ്യുക.
മൃതദേഹങ്ങൾ ട്രാക്കിൽ നിന്നും മാറ്റുക.
മൃതദേഹങ്ങൾ കണ്ടെത്തി തുടർപരിശോധനകൾക്ക് അയയ്ക്കുക.
ട്രാക്ക് പുനർനിർമാണം നടത്തുക.
തകർന്ന കേബിളുകൾ നന്നാക്കുക.
പരുക്കേറ്റവരെ കട്ടക്കിലെയും ഭുനനേശ്വറിലെയും പ്രത്യേക ആശുപത്രിയിലെത്തിക്കുക.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ പ്രത്യേകം സൂക്ഷിക്കുക.
രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നത നേതാക്കൾ സന്ദർശനത്തിനെത്തുമ്പോൾ വേണ്ട സൗകര്യങ്ങൾ ഒരുക്കുക.
ഡൽഹിയിൽ റെയിൽവെ മന്ത്രാലയത്തിന്റെ വാർ റൂമിൽ നൂറു കണക്കിനു ജീവനക്കാരാണ് 24 മണിക്കൂറും പ്രവർത്തിച്ചത്. 51 മണിക്കൂർ തുടർച്ചയായി ഈ വാർ റൂം പ്രവർത്തിച്ചു. 50–70 പേരടങ്ങുന്ന എട്ടു സംഘം വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തു. റെയിൽവേ ബോർഡ് അംഗങ്ങളാണ് ഇവരുടെ മേൽനോട്ടം വഹിച്ചിരുന്നത്.
അഞ്ച് ക്യാമറകൾ ഡൽഹിയിൽ സജ്ജീകരിച്ചു. ദുരന്ത സ്ഥലത്തുനിന്നുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നതിനായിരുന്നു ഇത്. ദുരന്തസ്ഥലത്ത് പ്രവർത്തിക്കുന്ന സംഘത്തിന്റെ ആവശ്യങ്ങളും മറ്റും തത്സമയം അറിയിക്കുന്നതിനും പരിഹരിക്കുന്നതിനും ഇതിലൂടെ സാധിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ, ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ എന്നിവർ ആശുപത്രികളിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ചുമതല വഹിച്ചു. 70 പേരടങ്ങുന്ന സംഘങ്ങളാണ് ട്രാക്ക് പുനസ്ഥാപിക്കുന്നതിനും ഇലക്ട്രിക് കേബിളുകൾ നന്നാക്കുന്നതിനും പ്രവർത്തിച്ചത്.
രാഷ്ട്രീയപ്രവേശനത്തിനു മുൻപ് അശ്വനി വൈഷ്ണവ് ജില്ലാ കലക്ടറായി സേവനം ചെയ്ത സ്ഥലമാണ് ബാലസോർ. കലക്ടറായിരുന്ന സമയത്ത് പല അത്യാഹിത ഘട്ടങ്ങളെയും തരണം ചെയ്യുന്നതിന് അശ്വിനി വൈഷ്ണവിനു സാധിച്ചു. 1999ൽ ഒഡിഷയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് നേരിടുന്നതിൽ അശ്വിനി വൈഷ്ണവ് വലിയ പങ്ക് വഹിച്ചിരുന്നു. 10,000 പേരാണ് അന്ന് മരിച്ചത്. ഇതേത്തുടർന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ഒഡിഷ ഡിസാസ്റ്റർ ആക്‌ഷൻ ഫോഴ്സ് (ഒഡിആർഎഎഫ്) രൂപീകരിച്ചതിലും അശ്വനി വൈഷ്ണവ് സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
ഒഡിആർഎഎഫ് മാതൃകയിലാണ് കേന്ദ്ര സർക്കാർ 2006 ൽ നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) രൂപീകരിച്ചത്. ബാലസോർ അപകടത്തിനു അരമണിക്കൂറിനുള്ളിൽ തന്നെ 30 ഒഡിആർഎഎഫ് അംഗങ്ങളാണ് ദുരന്തസ്ഥലത്തെത്തിയത്. മൂന്നു മണിക്കൂറിനുള്ളിൽ 120 പേർ ഉൾപ്പെടുന്ന നാലു സംഘങ്ങളും ദുരന്തമേഖലയിൽ സജീവമായി. ടവർ ലൈറ്റുകളും ഗ്യാസ് കട്ടറുകളും പ്ലാസ്മ കട്ടറുകളും ഉൾപ്പെടെയായിരുന്നു ഇവരുടെ കടന്നുവരവ്. അപകടത്തിൽപ്പെട്ട നിരവധി ജീവനുകൾ രക്ഷിക്കാൻ ഇത് സഹായകമായെന്നാണ് വിലയിരുത്തൽ.
അശ്വിനി വൈഷ്ണവിന് സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളത് രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കി. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മന്ത്രി സ്ഥലത്തെത്തി. മൂന്നു ദിവസം സ്ഥലത്ത് താമസിച്ചാണ് മന്ത്രി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നതാണ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചുതുടങ്ങി.
ഇതിനായി എയിംസിന്റെ നേതൃത്വത്തിൽ ഡിഎൻഎ ടെസ്റ്റിങ് കേന്ദ്രം തുറന്നു. ഡൽഹി എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്. 200 മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ, ശീതീകരിച്ച ആറ് കണ്ടെയ്നറുകളാണ് തയാറാക്കിയത്. മൃതദേഹങ്ങൾ കണ്ടെയ്നറുകളിൽ ആറു മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറയുന്നു.
ബംഗാളിൽ നിന്നുള്ള 31 യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചികിത്സയിലുള്ളവരെ കട്ടക്കിലെയും ഭുവനേശ്വറിലെയും ആശുപത്രിയിൽ മമത സന്ദർശിച്ചു. ബിഹാറിൽനിന്നുള്ള 24 യാത്രക്കാരെയും കണ്ടുകിട്ടിയിട്ടില്ല. ടിക്കറ്റില്ലാത്ത യാത്രക്കാരും ഉണ്ടായിരുന്നതിനാൽ, കാണാതായ യാത്രക്കാർ എത്രയെന്നു കൃത്യമായി പറയാൻ റെയിൽവേയ്ക്കു കഴിയുന്നില്ല.
മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ തിരയുന്നത്. മരിച്ചവരുടെ ഫോട്ടോകൾ കട്ടക്കിലെയും ഭുവനേശ്വറിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒഡീഷ സർക്കാരിന്റെ വെബ് സൈറ്റുകളിലും മരിച്ചവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മറ്റു ചിലർക്കു വിട്ടുകൊടുത്തതായും പരാതിയുണ്ട്. അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്രകുമാർ വർമയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും മറ്റൊരു കുടുംബത്തിനു നൽകിയതായി പറയുന്നു. നിർമിത ബുദ്ധിയുടെ സഹായമുൾപ്പെടെ തേടിയാണ് മരിച്ചവരെ തിരിച്ചറിയാൻ ശ്രമിക്കുന്നത്.
ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയത്തിലാണ് സിബിഐ അന്വേഷണത്തിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തത്. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിൽ പിഴവുകൾ അപൂർവമെന്നാണു റെയിൽവേ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘം അട്ടിമറി സാധ്യത ബലപ്പെടുത്തുന്ന സംശയങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രിയും സൂചിപ്പിച്ചു.