ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു. ഇതില്‍ നാല്‍പതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ നിന്ന് ലഭിച്ച നാല്‍പതോളം പേരുടെ മൃതദേഹത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസിലെ ബോഗികളില്‍ ഇടിച്ച് ശ്വന്തപുര്‍- ഹൗറ എക്സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റതാകാം നാല്‍പത് പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
‘ഒട്ടനേകം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. എന്നാല്‍, 40 പേരുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ശരീരത്തില്‍ മുറിവുകളോ ചോര പൊടിയുന്നതായോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വൈദ്യുതാഘാതമേറ്റതായിരിക്കാം’ എന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.