ഡല്‍ഹി: ഒഡിഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വികാരാധീനനായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് കൈമാറുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അവരോടുള്ള കടമ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്ന ട്രാക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ 51 മണിക്കൂര്‍, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ടെത്തി നല്‍കിയ ഊര്‍ജത്തിന്റെ പിന്‍ബലത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ മൂന്ന് തീവണ്ടികള്‍ അപകടം നടന്നവഴി കടന്നുപോയി. രാത്രി ഏഴ് സര്‍വീസുകള്‍ നടത്താനാണ് പദ്ധതിയെന്നും ഗതാഗതം പുനഃസ്ഥാപിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടമുണ്ടായി 51 മണിക്കൂറുകള്‍ക്കകംതന്നെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനായി.
ശനിയാഴ്ച രാത്രി മുതല്‍ ഒഡിഷയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് കേന്ദ്രമന്ത്രി. തകര്‍ന്ന തീവണ്ടികള്‍ മാറ്റുന്നതും റെയില്‍പ്പാളങ്ങള്‍ പുനഃസ്ഥാപിക്കുന്നതുമടക്കമുള്ള ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് അദ്ദേഹം. ചൊവ്വാഴ്ച രാത്രി, അല്ലെങ്കില്‍ ബുധനാഴ്ച രാവിലെയോടുകൂടി സമ്പൂര്‍ണമായി പുനഃസ്ഥാപിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 275 പേരാണ് മരിച്ചത്. 1,175 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 793 പേര്‍ ആശുപത്രി വിട്ടു. ബെംഗളൂരു – ഹൗറ സൂപര്‍ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍ – ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്സ്പ്രസ്, ചരക്കുതീവണ്ടി എന്നിവയാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, എന്‍.സി.പി., ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തിലും സിഗ്‌നലിങ്ങിലുമുണ്ടായ തകരാറായിരുന്നു അപകടകാരണം. കാരണക്കാരെ തിരിച്ചറിഞ്ഞെന്ന് നേരത്തേ റെയില്‍വേമന്ത്രി പറഞ്ഞിരുന്നു. അതേസമയം അപകടത്തിനു പിന്നില്‍ അട്ടിമറി സംശയിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.