പഴകിയതും പലപ്പോഴും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്ന അവസരമാണിത്. എന്നാല്‍ ഈ സമയം കുറഞ്ഞത് 50 വർഷമെങ്കിലും പഴക്കമുള്ള വിന്റേജ് വാഹനങ്ങൾക്ക് രണ്ടാം ജീവിതം നൽകുന്ന പുതിയ നിയമവുമായി ഒഡീഷ സംസ്ഥാന സർക്കാർ.
50 വർഷത്തിലേറെ പഴക്കമുള്ള വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ നടപടിയുമായിട്ടാണ് ഒഡീഷ സംസ്ഥാന സർക്കാർ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കുക എന്നതാണ് ആശയം. വിന്റേജ് വാഹനങ്ങൾ പൈതൃക വാഹനങ്ങളായി സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനായി കേന്ദ്ര റോഡ് ഗതാഗത ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂളിലെ (സിഎംവിആർ) ഭേദഗതി പിന്തുടരാനാണ് ഒഡീഷയുടെ നീക്കം.
എന്നാൽ കാലപ്പഴക്കം കൂടാതെ അത്തരം വാഹനങ്ങൾ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. ഈ പുതിയ വ്യവസ്ഥ അനുസരിച്ച് 50 വർഷത്തിലധികം പഴക്കമുള്ള പഴയ വാഹനമായ എൽ 1, എൽ 2 വിഭാഗങ്ങളും (ഇരുചക്ര വാഹനങ്ങൾ), എം 1 വിഭാഗവും (ഫോർ വീലർ) ആയി തിര്കകും. ആദ്യ വിൽപ്പനയ്ക്ക് ശേഷമുള്ള ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ ഇവയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‍തവ ഉള്‍പ്പെടെ ഏതൊരു വാഹനവും ഇതില്‍ ഉള്‍പ്പെടു. അത്തരം വാഹനം അതിന്റെ യഥാർത്ഥ രൂപത്തിൽ തന്നെ നിലനിർത്തണം, കൂടാതെ ഷാസിയിലോ ബോഡി ഷെല്ലിലോ എഞ്ചിനിലോ എന്തെങ്കിലും പരിഷ്‌ക്കരണം ഉൾപ്പെടുന്ന കാര്യമായ അഴിച്ചുപണിക്ക് വിധേയമായിരിക്കരുത് എന്നു വ്യവസ്ഥയില്‍ പറയുന്നു. ഈ നിബന്ധനകള്‍ക്ക് വിധേയമായി ഈ വിന്റേജ് മോട്ടോർ വെഹിക്കിൾ രജിസ്ട്രേഷൻ മാർക്ക് ലഭിക്കാൻ അർഹതയുണ്ട്. അത്തരം എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷന്റെ സാധുത 10 വർഷമായിരിക്കും. അതിനുശേഷം ഓരോ അഞ്ച് വർഷത്തിലും പുതുക്കേണ്ടതുണ്ടെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
‘ഫോം 20’ പ്രകാരം രജിസ്‌ട്രേഷൻ/റീ-രജിസ്‌ട്രേഷനായുള്ള അപേക്ഷ, ഇൻഷുറൻസ് പോളിസി, ഫീസ്, ഇറക്കുമതി ചെയ്‌ത വാഹനങ്ങളുടെ എൻട്രി ബിൽ, ഇന്ത്യയിൽ ഇതിനകം രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ പഴയ ആർസി എന്നിവ സഹിതം സമർപ്പിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന രജിസ്‌ട്രേഷൻ അതോറിറ്റി വാഹനം പരിശോധിച്ചതിന് ശേഷം ‘ഫോം 23 എ’ പ്രകാരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും, കൂടാതെ വാഹനത്തിന് ഫിറ്റാണെന്നും സാധുതയുള്ള പിയുസി ഉണ്ടെന്നും വ്യവസ്ഥയ്ക്ക് വിധേയമായി ഉടമയ്ക്ക് 10 വർഷത്തെ സാധുത നൽകും. ഇതിനായി 20,000 രൂപ ഈടാക്കും. തുടർന്ന്, പ്രസ്‍തുത രജിസ്ട്രേഷൻ പുതുക്കുന്നതിന് ഉടമയ്ക്ക് 5,000 രൂപ അടയ്ക്കണം. ഇങ്ങനെ അഞ്ച് വർഷത്തേക്ക് പുതുക്കാവുന്നതാണ്.
വാഹനം ‘വിന്റേജ്’ ആയി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, സാധാരണ/വാണിജ്യ ആവശ്യങ്ങൾക്കായി റോഡുകളിൽ ഓടിക്കാൻ അനുവദിക്കില്ല. “പ്രദർശനത്തിനോ സാങ്കേതിക ഗവേഷണത്തിനോ വിന്റേജ് കാർ റാലി, ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, എക്സിബിഷനുകൾ, വിന്റേജ് റാലികൾ എന്നിവയ്‌ക്കോ വേണ്ടി മാത്രമാണ് ഇന്ത്യൻ റോഡുകളിൽ ഒരു വിന്റേജ് മോട്ടോർ വാഹനം ഓടാൻ അനുവാദമുള്ളത്. വിന്റേജ് മോട്ടോർ വാഹനത്തിന്റെ ഉടമയ്ക്ക് ഒരു വിന്റേജ് നമ്പർ നൽകിയ ശേഷം, മോട്ടോർ വാഹന നിയമം, 1988 പ്രകാരം നൽകിയിരിക്കുന്ന രീതിയിൽ മോട്ടോർ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനായി അപേക്ഷിച്ച് അവർക്ക് അവരുടെ വാഹനം വിൽക്കാനും കഴിയും.
ഇതോടെ കേന്ദ്ര മോട്ടോർ വാഹനങ്ങൾക്ക് (CMV) കീഴിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വ്യവസ്ഥകൾ ഏർപ്പെടുത്തിയതിന് ശേഷം 50 വർഷത്തിലേറെ പഴക്കമുള്ള വിന്റേജ് വാഹനങ്ങൾക്ക് (ഇരു ചക്ര വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും) പ്രത്യേക രജിസ്ട്രേഷൻ നടപടിക്രമം നടത്തുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി ഒഡീഷ മാറി.