മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.
പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.
ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.