ഡല്‍ഹി : സംസ്ഥാനത്തെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശൂന്യവേതന അവധിയടക്കം 180 ദിവസത്തിന് മുകളിലുള്ള എല്ലാ അവധിയിലും തീരുമാനം എടുക്കാന്‍ അധികാരം സംസ്ഥാനസര്‍ക്കാരിനാണെന്ന് നിര്‍ണ്ണായക തീരുമാനവുമായി സുപ്രീംകോടതി. എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഈക്കാര്യത്തില്‍ തിരുമാനത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ ഉത്തരവാദിത്വം അവധി അപേക്ഷ സര്‍ക്കാരിന് കൈമാറുക എന്നത് മാത്രമാണെന്നും സ്വന്തമായി തീരുമാനം എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.
എംഇഎസ് സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ് അലിക്ക് ശൂന്യവേതന അവധി നീട്ടി നല്‍കാനാകില്ലെന്ന് സ്‌കൂള്‍ മാനേജര്‍ തീരുമാനം എടുത്തതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. 2020ല്‍ സര്‍ക്കാര്‍ ശൂന്യവേതന അവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുതിയ ഉത്തറവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജര്‍ അവധി അപേക്ഷ സര്‍ക്കാരിന് കൈമാറാതെ തള്ളി. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ എത്തിയ അധ്യാപകന്അനൂകൂല വിധി സിംഗള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നല്‍കി. ഇതിനെ ചോദ്യം ചെയ്താണ് എംഇഎസ് മാനേജര്‍ സുപ്രീംകോടതിയില്‍ എത്തിയത്. കേസില്‍ അധ്യാപകനായി അഭിഭാഷകരായ പ്രശാന്ത് കുളമ്പില്‍, ജുനൈസ് പടലത്ത് എന്നിവര്‍ വാദിച്ചു. എംഇഎസിനായി അഭിഭാഷകരായ അരവിന്ദ് ഗുപ്ത,ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.