പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണത്തിന്റെ പേരില്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് നോട്ടീസ് അയയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ജെമിനിയില്‍ നിന്ന് നരേന്ദ്ര മോദിക്കെതിരായ ആക്ഷേപകരമായ പ്രതികരണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
നരേന്ദ്ര മോദി ഫാസിസ്റ്റാണോയെന്ന ചോദ്യത്തോടുള്ള ജെമിനിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. മോദിയുടെ ചില നയങ്ങള്‍ ചിലര്‍ അദ്ദേഹത്തെ ഫാസിസ്റ്റ് എന്ന് ചിത്രീകരിക്കാറുണ്ട് എന്നായിരുന്നു മറുപടി. എന്നാല്‍ വ്‌ളാഡമിര്‍ സെലന്‍സ്‌കിയെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ഇതേ ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ലെന്നുമാണ് ആരോപണം. ഈ ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്ക്കപ്പെട്ടതോടെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.
ജെമിനിയുടെ പ്രതികരണത്തെ ‘നേരിട്ടുള്ള ലംഘനങ്ങള്‍’ എന്നാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശേഷിപ്പിച്ചത്. മോദിയെക്കുറിച്ചുള്ള ജെമിനിയുടെ മറുപടികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചായിരുന്നു രാജീവ് ചന്ദ്രശേഖര്‍ മറുപടി പോസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ ഇന്റര്‍മീഡിയറി റൂള്‍സിന്റെ റൂള്‍ 3(1)(ബി)യുടെ നേരിട്ടുള്ള ലംഘനമാണെന്നും ക്രിമിനല്‍ നിയമങ്ങളിലെ വിവിധ ഭാഗങ്ങളുടെ ലംഘനമാണെന്നുമാണ് എക്‌സ് കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരിക്കുന്നത്.