ഭൂമി കൈയേറ്റം, ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന നടത്തി ഉദ്യോഗസ്ഥര്‍

Dileep

തൊടുപുഴ: ദിലീപ് ഭൂമി കൈയേറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

റവന്യൂ ഉദ്യോഗസ്ഥര്‍ വെള്ളിയാമറ്റം വില്ലേജിലെ നാലേക്കര്‍ ഭൂമിയിലാണ് പരിശോധന നടത്തിയത്. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനയെന്നാണു സൂചന.

നേരത്തെ, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് ഭൂമിയുടെയും പുറപ്പിള്ളിക്കാവിലെ ഭൂമിയുടെയും അളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തിയറ്റര്‍ നില്ക്കുന്ന സ്ഥലത്തു കൈയേറ്റം നടന്നിട്ടുണ്ടോ എന്നറിയാനാണു ചാലക്കുടിയിലെ ഭൂമി അളന്നത്. റവന്യൂ മന്ത്രിയുടെ ഉത്തരവുപ്രകാരം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചായിരുന്നു അളവ്. ഭൂമി കൈയേറ്റത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്നു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പുറപ്പിള്ളിക്കാവിലെ ദിലീപിന്റെ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന സമീപ പ്രദേശങ്ങളാണ് അളന്നു തിട്ടപ്പെടുത്തിയത്. പുറപ്പിള്ളിക്കാവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശത്തു നിന്നാണ് സര്‍വേ ആരംഭിച്ചത്. ചുറ്റുമുള്ള പ്രദേശങ്ങള്‍ അളന്നുതിട്ടപ്പെടുത്തിയാല്‍ മാത്രമേ ദിലീപിന്റെ ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളു.

Top