ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍

ദുബൈ: ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങള്‍ക്കകം ഇരുപത് ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി രണ്ടിനായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം.

അവധി ദിവസങ്ങളും പുതുവര്‍ഷപ്പിറവി ആഘോഷങ്ങള്‍ക്കായി ദുബൈയില്‍ എത്തുന്നവരുടെ തിരക്കും പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന അസാധാരാണ സാഹചര്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണ് പ്രത്യേക അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത എട്ട് ദിവസങ്ങളില്‍ ഓരോ ദിവസവും ശരാശരി 2.45 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് അനുമാനം. ജനുവരി രണ്ടാം തീയ്യതി യാത്രക്കാരുടെ എണ്ണം 2,57,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍, പ്രത്യേക സാഹചര്യം യാത്രക്കാരുടെ മനസിലുണ്ടാവണമെന്നാണ് ഉപദേശം. കൂടുംബത്തോടൊപ്പവും 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കൊപ്പവും യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തിലെ സ്‍മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പാസ്‍പോര്‍ട്ട് പരിശോധന കൂടുതല്‍ വേഗത്തിലാക്കാം. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്കേറുമെന്നതിനാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ കുറച്ച് അധികം സമയം കരുതണം.

ടെര്‍മിനല്‍ 1 വഴിയാണ് യാത്ര ചെയ്യേണ്ടതെങ്കില്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഓണ്‍ലൈന്‍ സേവനങ്ങളും സെല്‍ഫ് സര്‍വീസ് ഓപ്ഷനുകളും പരമാവധി ഉപയോഗിക്കണം. ടെര്‍മിനല്‍ 3 വഴി യാത്ര ചെയ്യുന്നവര്‍ക്ക് എമിറേറ്റ്സിന്റെ ഏര്‍ലി ചെക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.

ലഗേജിന്റെ ഭാരം വീട്ടില്‍ നേരത്തെ തന്നെ പരിശോധിച്ച് ക്രമീകരിക്കുകയും രേഖകള്‍ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുകയും സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാവുകയം വേണം. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് പരമാവധി മെട്രോ ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ 31നും ജനുവരി ഒന്നിനും മെട്രോ ഏകദേശം മുഴുവന്‍ സമയം പ്രവര്‍ത്തിക്കും. യാത്രക്കാരുടെ ഒപ്പം വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Top