തിരുവനന്തപുരം: കര്‍ണ്ണാടകത്തിലെ ‘കുതിരക്കച്ചവടം’ എണ്ണ കമ്പനികളും തുടങ്ങിയതോടെ പെട്രോള്‍ വില കുതിച്ചുയര്‍ന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ധനവിലയില്‍ മാറ്റമില്ലാതെ മുന്നേറിയ വിപണിയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ അഞ്ചാം ദിനമാണ് തുടര്‍ച്ചയായി വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് ലിറ്ററിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞുള്ള അഞ്ചു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് കൂടിയത് 88 പൈസയാണ്. ഡീസലിന് ഒരു രൂപ 28 പൈസയും. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ പെട്രോള്‍ വില 28-31 പൈസയാണ് കൂടിയത്. അഞ്ചു ദിവസങ്ങള്‍ കൊണ്ട് രാജ്യത്തെ ഈ നഗരങ്ങളില്‍ ലീറ്ററിന് 0.97-1.03 രൂപ വരെ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായി. ഡീസലിന് ഇത് ഒരു രൂപ മുതല്‍ 1.24 രൂപ വരെയാണ് വര്‍ധിച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്നോണം മൂന്നാഴ്ചയോളം ഇന്ധനവില വര്‍ധിച്ചിരുന്നില്ല. ഈ കണക്കുകളെല്ലാം ഒറ്റയടിക്ക് തീര്‍ക്കും വിധമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.
വോട്ടെടുപ്പിന്റെ അന്ന് തിരുവനന്തപുരത്ത് 78 രൂപ 77 പൈസയായിരുന്നു പെട്രോള്‍ വില, ഡീസലിന് 71 രൂപ 49 പൈസയും. ഇന്ന് പെട്രോളിന് 79 രൂപ 65 പൈസയും ഡീസലിന് 72 രൂപ 77 പൈസയുമാണ്. അഞ്ചു ദിവസം കൊണ്ട് പെട്രോള്‍ വില 88 പൈസയും ഡീസല്‍ ഒരു രൂപ 28 പൈസയും കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 78 രൂപ 44 പൈസയും ഡീസലിന് 71 രൂപ 64 പൈസയുമാണ് വില. കോഴിക്കോട് 78 രൂപ 69 പൈസയും 71 രൂപ 90 പൈസയും.
ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.61 ആയി. മുംബൈയില്‍ ഇത് 83.45 ആണ്. കൊല്‍ക്കത്തയില്‍ 78.29, ചെന്നൈയില്‍ 78.46, ബംഗളൂരുവില്‍ 76.83, ഹൈദരാബാദില്‍ 80.09 എന്നിങ്ങനെയാണ് വില. മുംബൈയ്ക്കും ഹൈദരാബാദിനുമൊപ്പം ഭോപ്പാല്‍ (81.19 രൂപ), ജലന്ധര്‍ (80.84), പട്‌ന (81.10), ശ്രീനഗര്‍ (80.05) എന്നിവിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപ പിന്നിട്ടു.
ഡീസല്‍ വില ഡല്‍ഹിയില്‍ ലിറ്ററിന് 67.08, കൊല്‍ക്കത്ത 69.63, മുംബൈ 71.42, ചെന്നൈ 70.80, ബംഗളൂരു 68.23, ഹൈദരാബാദ് 72.91 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ ഡീസല്‍ വില. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ ഇടിവും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുവാന്‍ കാരണമായിരിക്കുന്നത്.