ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർധിക്കുന്നു. വിപണിയിലെ മാറ്റം പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള ഒപെക് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണവിലയിൽ മാറ്റമുണ്ടാകുന്നത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വീപ്പക്ക് ഏതാണ്ട് 70 ഡോളർ ആയാണ് വില ഉയർന്നത്. 2014നെ തുടർന്നുള്ള ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. അതിനാൽ ഉൽപാദനം കുറച്ച നടപടി തുടരാൻ തന്നെയാണ് ഒപെക് തീരുമാനം. ഉൽപാദനത്തിലും സംഭരണത്തിലും യു.എസ് നേരിട്ട തിരിച്ചടിയാണ് വില വർധനവിന് മറ്റൊരു കാരണം.
ഈ നിരക്കുവർധന നീണ്ട് നിൽകുമെന്നാണ് വിദഗ്ദർ പറയുന്നത്. ചിലപ്പോൾ 80 ഡോളർ വരെ വില ഉയർന്നേക്കുമെന്ന വിലയിരുത്തലും പുറത്തു വരുന്നുണ്ട്.എണ്ണവില തകർച്ചയെ തുടർന്ന് ഗൾഫ് സമ്പദ് ഘടനക്ക് ഉണ്ടായ നഷ്ടം ഇതിലൂടെ നികത്താൻ സാധിയ്ക്കും.
തൊഴിൽ മേഖലയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മറികടക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾക്കും നിരക്കുവർധനവ് കാരണമാകും. ഇന്ത്യക്കാൾ ഉൾപ്പെടെ ഗൾഫിലെ പ്രവാസികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ് ഇത്.