ഡൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നു. തിങ്കളാഴ്ച രണ്ടുശതമാനത്തിന്റെ വർധനയാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 86.29 ഡോളറായാണ് ഉയർന്നത്.
എണ്ണവില പിടിച്ചുനിർത്താൻ ഉൽപ്പാദനം വെട്ടിച്ചുരുക്കണമെന്ന ഒക്ടോബറിലെ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെയും റഷ്യ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളുടെയും തീരുമാനം. നവംബർ മുതൽ ഉൽപ്പാദനത്തിൽ പ്രതിദിനം രണ്ടു മില്യൺ ബാരലിന്റെ കുറവ് വരുത്താനാണ് ഒക്ടോബറിൽ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തീരുമാനിച്ചത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധിച്ച യൂറോപ്യൻ യൂണിയന്റെ തീരുമാനം അടക്കം ഒപ്പെക്കിന്റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ.
ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതും എണ്ണവില ഉയരാൻ കാരണമായി. ചൈനയിൽ സാമ്പത്തിക രംഗത്ത് പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ എണ്ണയ്്ക്ക് കൂടുതൽ ആവശ്യകത വരുമെന്ന കണക്കുകൂട്ടലും എണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.