തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗത്തില്‍ സംശയമുണ്ടെന്ന് ലത്തീന്‍ സഭ. കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം ആരോപിച്ചു. 100കോടിയില്‍അധികം രൂപയുടെ കണക്കുകള്‍ വ്യക്തമായിട്ടില്ല. വിശദീകരണം ലഭിക്കാനുള്ള അവകാശം സഭയ്ക്കുണ്ടെന്നും ആര്‍ച്ച് ബിഷപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്ത ബാധിതര്‍ക്കായി സമാഹരിച്ച തുക ചെലവിട്ടതു സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന് നേരത്തെ സൂസപാക്യം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ ശംഖുമുഖത്ത് ചേര്‍ന്ന ലത്തീന്‍ സഭ സമുദായ സംഗമമാണ് ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലുളള അതൃപ്തി പരസ്യമാക്കിയത്. ദുരിത ബാധിതര്‍ക്കായി 128 കോടി രൂപ ചെലവിട്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അടിയന്തര പ്രധാന്യമുളള കാര്യങ്ങള്‍ക്കല്ല തുക ചെലവിട്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ആശ്രിത നിയമന കാര്യത്തിലും പ്രതിസന്ധി തുടരുന്നു. കേന്ദ്രം വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് കിട്ടിയില്ലെന്നും സൂസപാക്യം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഫണ്ടിലുള്ള 47.73 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്നും ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഓഖി ദുരന്ത വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ ആവശ്യപ്പെട്ട സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.