‘ഒരുത്തലും വരലൈ’ ഡോക്യുമെന്ററി സംവിധായികയ്‌ക്കെതിരെ എഫ്‌ഐആര്‍

ചെന്നൈ: കഴിഞ്ഞ വര്‍ഷം ഉണ്ടായ ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായിരിക്കുകയാണ് തമിഴ്‌ സംവിധായിക ദിവ്യ ഭാരതി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യതൊഴിലാളികള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും സര്‍ക്കാര്‍ നടത്തിയ മുഖംതിരിക്കല്‍ നടപടികളും മുന്‍നിര്‍ത്തിയാണ് ‘ഒരുത്തരും വരലെ’ എന്ന പേരില്‍ ദിവ്യ ഡോക്യുമെന്ററി നിര്‍മ്മിച്ചത്.

സിനിമയുടെ ട്രൈലര്‍ പുറത്തിറങ്ങി നാല് ദിവസത്തിന് ശേഷം നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പൊലീസ് ദിവ്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ജാമ്യം ലഭിച്ചെങ്കിലും ദിവസവും പൊലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന് നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞയാഴ്ച്ച തൂത്തൂരില്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ച ശേഷം ദിവ്യക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ചെയ്ത് കൊടുത്ത ജോസ് എന്ന മത്സ്യതൊഴിലാളിയിലേക്കും അന്വേഷണം നീണ്ടു. ചോദ്യം ചെയ്യാനായി എത്തിയ പോലീസ് തന്റെ പ്രദേശത്തെയല്ലെന്നും, മറിച്ച് നാഗര്‍കോവില്‍ പോലീസാണെന്നും ജോസ് പറഞ്ഞു. വൈകാതെ തന്നെ യൂട്യൂബില്‍ സിനിമ അപ്പ്‌ലോഡ് ചെയ്യുമെന്ന് സംവിധായിക ദിവ്യ ഭാരതി പറഞ്ഞു.

നേരത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നവരെക്കുറിച്ച് ദിവ്യ ചെയ്ത കക്കൂസ് എന്ന ഡോക്യുമെന്ററി വിവാദമായിരുന്നു.

Top