പരിഷ്‌കരിച്ച ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഒകിനാവ ഓട്ടോടെക്

പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഓഖി 90 പരിഷ്‌കരിച്ച് പുറത്തിറക്കി. ഔട്ട്ഗോയിംഗ് മോഡല്‍ വിറ്റിരുന്ന അതേ വിലയില്‍ ഇവി ലഭ്യമാകും. 1.86 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരുന്നു ഒകിനാവ ഓഖി 90 വിറ്റിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പരിഷ്‌കരിച്ച ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടറിന്റെ അപ്ഡേറ്റഡ് പതിപ്പ് കസ്റ്റമേഴ്സിലേക്കെത്തും. റെഡ്, ബ്ലു, ഗ്രേ, വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലായി ഒകിനാവ ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനാകും. 2022-ലാണ് ഒകിനാവ ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ എത്തി ഒരുമാസത്തിനുള്ളില്‍ 10,000 ബുക്കിംഗ് നേടാന്‍ ഇവിക്കായതായി കമ്പനി അവകാശപ്പെടുന്നു.

AIS-156 അമെന്‍ഡ്മെന്‍ഡ് 3 കംപ്ലയിന്റ് ബാറ്ററി പാക്ക്, പുതിയ മോട്ടോര്‍, നൂതന കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ സഹിതമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അപഡേറ്റ് ചെയ്തിരിക്കുന്നത്. കൃത്യമായ പൊസിഷനിംഗ്, മികച്ച ഡ്രൈവിംഗ് അനുഭവം, എളുപ്പത്തിലുള്ള സര്‍വീസ് എന്നിവയ്ക്കായി നവീകരിച്ച എന്‍കോഡര്‍ അധിഷ്ഠിത മോട്ടോറുമായാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ യോചിക്കുന്ന തരത്തില്‍ 175 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടിയാണ് പുതിയ ഓഖി 90 എത്തുന്നത്. ഓട്ടോ-കട്ട് ഫംഗ്ഷനോടുകൂടിയ മൈക്രോ ചാര്‍ജറും റീജനറേറ്റീവ് എനര്‍ജിയുള്ള ഇലക്ട്രോണിക്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്. ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെയാണ് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറിന് ഒകിനാവ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 4 മുതല്‍ 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഹൈഡ്രോളിക് യൂണിറ്റും പിന്നില്‍ ഡബിള്‍ ഷോക്ക് സെറ്റപ്പുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍-നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, ടൈം ഡിസ്‌പ്ലേ, മ്യൂസിക് നോട്ടിഫിക്കേഷനുകള്‍ എന്നിവയ്‌ക്കൊപ്പം കളേര്‍ഡ് ഡിജിറ്റല്‍ സ്പീഡോമീറ്ററും അപ്ഡേറ്റഡ് ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒകിനാവ ഒരുക്കിയിട്ടുണ്ട്.

റിയല്‍ ടൈം ബാറ്ററി എസ്ഒസി മോണിറ്ററിംഗ്, റിയല്‍ ടൈം സ്പീഡ് മോണിറ്ററിംഗ്, ഓണ്‍/ഓഫ് നോട്ടിഫിക്കേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റിയും ഇവിയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിപിഎസ് സെന്‍സിംഗ്, റിയല്‍ ടൈം പൊസിഷനിംഗ്, ജിയോ ഫെന്‍സിങ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ അസിസ്റ്റന്‍സ് എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍. ഒകിനാവ കണക്ട് ആപ്പ് വഴി നിങ്ങളുടെ മൊബൈല്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി കണക്ട് ചെയ്യാന്‍ സാധിക്കും.

വിദൂരത്ത് നിന്ന് സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ ഇത് നിങ്ങള്‍ക്ക് അവസരം നല്‍കും. മെച്ചപ്പെട്ട സുരക്ഷയ്ക്കും ഉപയോഗക്ഷമതയ്ക്കുമായി ഇന്റലിജന്റ് ഫീച്ചറുകള്‍ നല്‍കുന്ന വ്യത്യസ്ത സെന്‍സറുകളുടെ സംയോജനമാണ് സ്‌കൂട്ടറിന് ലഭിക്കുന്നത്. ഇടുങ്ങിയ സ്ഥലത്ത് വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്ന വേളയില്‍ എളുപ്പത്തില്‍ പുറത്തുകടക്കാനായി പിന്നിലേക്ക് നീങ്ങാനും ഈ സവിശേഷത ഉടമയെ അനുവദിക്കുന്നു. പാര്‍ക്ക് ചെയ്തിരിക്കുന്ന സ്‌കൂട്ടറില്‍ കേടുപാട് വരുത്താനോ അല്ലെങ്കില്‍ മോഷ്ടിക്കാനോ ശ്രമമുണ്ടായാല്‍ വൈബ്രേഷനുകള്‍ മനസ്സിലാക്കി ആന്റി തെഫ്റ്റ് അലാറം മുഴങ്ങുന്ന സൗകര്യവും ഇതിലുണ്ട്.

Top