വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകിനാവ ഓട്ടോ ടെക്കിന്റെ പ്രെയ്‌സ് പ്രോ വിപണിയിലെത്തി. പ്രെയ്‌സ് നിരയിലേക്ക് ഒകിനാവ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് പ്രോ. 71,990 രൂപയാണ് സ്‌കൂട്ടറിന്റെ ഷോറൂം വില.
അഴിച്ചെടുക്കാവുന്ന വിധത്തിലുള്ള, രണ്ടു കിലോവാട്ട് അവര്‍ ലിതിയം അയോണ്‍ ബാറ്ററിയും ഒരു കിലോവാട്ട് ഡി.സി വൈദ്യുത മോട്ടോറുമായാണ് പ്രെയ്‌സ് പ്രോ എത്തിയിരിക്കുന്നത്. വെള്ളം കയറാത്ത രീതിയിലാണു മോട്ടോറിന്റെ രൂപകല്‍പ്പനയെന്നും ഒകിനാവ അവകാശപ്പെടുന്നുണ്ട്. പരമാവധി 2.5 കിലോവാട്ട് കരുത്ത് സൃഷ്ടിക്കുന്ന മോട്ടോര്‍ ഘടിപ്പിച്ച സ്‌കൂട്ടറില്‍ മൂന്നു വിധത്തിലുള്ള റൈഡിങ് മോഡുകളാണ് ലഭ്യമാക്കിയിരിക്കുന്നത്: ഇക്കോണമി (മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്റര്‍ വേഗം), സ്‌പോര്‍ട് (വേഗം 50 മുതല്‍ 60 കിലോമീറ്റര്‍), ടര്‍ബോ (പരമാവധി വേഗം 70 കിലോമീറ്റര്‍ വരെ).
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക് അബ്‌സോബറുമാണ് പ്രെയ്‌സ് പ്രോയുടെ സസ്‌പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ലഭ്യമാണ്. എല്‍.ഇ.ഡി ലൈറ്റുകളാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. അലാം, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫംക്ഷന്‍, യു.എസ്.ബി ചാര്‍ജിങ് പോയിന്റ് എന്നിവയ്‌ക്കൊപ്പം വോക്ക് അസിസ്റ്റ് സംവിധാനവും ഒകിനാവ ഈ സ്‌കൂട്ടറില്‍ ലഭ്യമാക്കുന്നുണ്ട്.
ഇക്കോണി വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ ഓരോ തവണ ചാര്‍ജ് ചെയ്താലും 110 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാദം. സ്‌പോര്‍ട് രീതിയിലുള്ള സഞ്ചാര പരിധി 88 കിലോമീറ്ററാണ്. പരീക്ഷണ സാഹചര്യത്തില്‍ രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ സമയമെടുത്താണു ബാറ്ററി പൂര്‍ണ തോതില്‍ ചാര്‍ജ് ചെയ്തതെന്നും ഒകിനാവ വെളിപ്പെടുത്തി. സാധാരണ വീട്ടില്‍ ലഭ്യമായ പ്ലഗ് പോയിന്റില്‍ ചാര്‍ജ് ചെയ്യാവുന്ന രീതിയിലാണു സ്‌കൂട്ടറിന്റെ ചാര്‍ജറിന്റെ ഘടന.