ഉത്സവ സീസണിൽ വിപണി കീഴടക്കാനൊരുങ്ങി ഒഖിനാവ Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഖിനാവ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. Oki100 എന്നാണ് ഈ മോഡലിന് പേര് നല്കിയിരിക്കുന്നത്. ഒഖിനാവ സ്‌കൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാഹനത്തിന്റെ നിർമ്മാണമെല്ലാം സ്വന്തം രാജ്യത്തു തന്നെയാണ് നിർവ്വഹിക്കുന്നതെങ്കിലും വാഹനത്തിനായുള്ള ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത. 72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്.

ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ൽ ഉള്‍പ്പെടും. കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. ഒരു ലക്ഷം രൂപ വരെ വില  പ്രതീക്ഷിക്കാം . Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഉത്സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top