ന്യൂഡല്‍ഹി: ഐക്യ രാഷ്ട്രസഭയുടെ ലോക ടൂറിസദിന പ്രമേയം അനുസരിച്ച്, ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല കര്‍ണാടകയില്‍ ടൂറിസ പ്രചാരണം ആരംഭിച്ചു.
ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം ഉണര്‍ത്തുന്നതിനും കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഒല കാംപെയ്ന്‍ നടത്തുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു.
ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി പ്രശസ്ത നടിയും ട്രാവല്‍ ബ്ലോഗറുമായ ഷെനാസ് ട്രെഷറി ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ട്രിപ്പും ആരംഭിച്ചിട്ടുണ്ട്.
14 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ യാത്ര. ഒല ഔട്ട്‌സ്റ്റേഷന്‍, ഒല സ്മാര്‍ട്ട് മൊബിലിറ്റി സൊലുഷന്‍ കാബുകള്‍ ഉപയോഗിച്ച് ഏഴു സംസ്ഥാനങ്ങളിലെ 21 ഉള്‍പ്രദേശങ്ങളില്‍ യാത്ര നടത്തുമെന്നും പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു.
ഹംപി, എയ്‌ഹോള്‍, ബഡാമി, പട്ടാഡക്കല്‍ തുടങ്ങി പൗരാണിക വാസ്തുവിദ്യയുടെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും മറ്റും ഷെനാസ് സന്ദര്‍ശനം നടത്തും.
കര്‍ണാടക ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഇത്തരമൊരു കാംപെയ്‌നില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിലും, ഒല ഔട്ട്‌സ്റ്റേഷന്‍ കാബുകളിലൂടെ സംസ്ഥാനത്തിനു വേണ്ടി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ അവസരം ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് ഒല സ്ഥാപക പങ്കാളി പ്രണയ് ജിവ്‌രാജ്ക്യ പറഞ്ഞു.
റോഡ് യാത്രകള്‍ നടത്തുന്നതിനും അതിന്റെ വിസ്മയകരമായ അനുഭവങ്ങള്‍ ആസ്വദിക്കുന്നതിനും രാജ്യത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ വീക്ഷിക്കുന്നതിനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഷെനാസ് ട്രെഷറി പറഞ്ഞു.