2023 ഓടെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എത്തിക്കാന്‍ ഒല

ന്യൂഡല്‍ഹി: ഒലയില്‍ നിന്ന് 2023 ഓടെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒല സീരീസ് എസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും ഉപഭോക്താക്കളിലും ആത്മവിശ്വാസം പകര്‍ന്നിരുന്നു. ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നം പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നു, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്ന് ഒലയുടെ സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ടിക് കാറിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഒലയുടെ തീരുമാനം. പ്രോജക്റ്റുമായി അടുക്കുമ്പോള്‍ ഞാന്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പ്രോജക്ടിനെക്കുറിച്ചുളള ചോദ്യത്തോട് ഭവിഷ് അഗര്‍വാള്‍ പ്രതികരിച്ചത്. ഒലയുടെ ഇലക്ട്രിക് കാര്‍ 2023 ഓടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പദ്ധതി ആസൂത്രണത്തിലെ ഒലയുടെ മികവും അത് നിശ്ചിത സമയപരിധിക്കുളളില്‍ നടപ്പാക്കാനുളള കഴിവും വിപണിയെ അതിശയിപ്പിച്ചിരിക്കുകയാണ്, ഒലയില്‍ നിന്നുള്ള ഇലക്ട്രിക് കാര്‍ കാത്തിരിക്കേണ്ടതാണ്. വരാനിരിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ഒരു നഗര പരിസ്ഥിക്ക് യോജിക്കുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് കുതിക്കാനിരിക്കുകയാണ് കമ്പനി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിര്‍മാണ ഫാക്ടറികളും സ്ഥാപിക്കാന്‍ ഒല തയ്യാറെടുക്കുകയാണ്.

Top