വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് ഒല

ലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളും വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ-സ്‌കൂട്ടറുകളില്‍ നിന്ന് ഇ-ബൈക്കുകളിലേക്കും ഇ-കാറുകളിലേക്കും ഇവി ശ്രേണി വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഭവിഷ് അഗര്‍വാള്‍ നേരത്തെ ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

ഇലക്ട്രിക് ബൈക്കുകളിലും വിലകുറഞ്ഞ ഇ-സ്‌കൂട്ടറുകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സമയക്രമം സ്ഥിരീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്ത വര്‍ഷം തന്നെ കമ്പനി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടേയും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും നിര്‍മ്മാണത്തിലേക്ക് കടക്കുമെന്ന് ഇലക്ട്രെക്കിന്റെ ഒരു വാര്‍ത്താ കുറിപ്പ് റീ ട്വീറ്റ് ചെയ്തുകൊണ്ട് ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും കാറുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് സെപ്റ്റംബറില്‍ ഒല ഇലക്ട്രിക് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 2025ന് ശേഷം ഇന്ത്യയില്‍ ഇലക്ട്രിക്ക് ടൂ വീലറുകള്‍ മാത്രമാക്കാനുള്ള ഇവി സ്റ്റാര്‍ട്ടപ്പിന്റെ പദ്ധതികളുടെ ഭാഗമാണ് ഫണ്ട് സമാഹരണമെന്ന് അഗര്‍വാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തെ റോഡുകളില്‍ പെട്രോള്‍ ഓടുന്ന ഇരുചക്രവാഹനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

തങ്ങളുടെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്‌കൂട്ടറുകളായ ഒല S1, S1 പ്രോ എന്നിവ ഈ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡല്‍ നിലവില്‍ ദില്ലി, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവുകളും വാഗ്ദാനം ചെയ്യുന്നു. ഒരു യൂണിറ്റ് റിസര്‍വ് ചെയ്ത പലര്‍ക്കും വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഉല്‍പ്പന്നവും അതിന്റെ പ്രകടനവും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് ടെസ്റ്റ് റൈഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒരു നിര്‍ദ്ദിഷ്ട തീയതി ഇതുവരെ ലഭ്യമല്ലെങ്കിലും, ടെസ്റ്റ് റൈഡുകള്‍ അവസാനിച്ചതിന് ശേഷം ആദ്യ ബാച്ച് ഡെലിവറി ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വില്‍പ്പന പ്രക്രിയ ആരംഭിച്ചിരുന്നതായും നിലവിലുള്ള ഓര്‍ഡറുകള്‍ നിറവേറ്റുന്ന തിരക്കിലാണെന്നും പുതിയ പര്‍ച്ചേസ് വിന്‍ഡോ ഡിസംബര്‍ 16 ന് വീണ്ടും തുറക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്.

 

Top