തിരുവനന്തപുരം: വൃദ്ധസദനങ്ങളില്‍ നിന്ന് മാതാപിതാക്കളെ തിരികെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. അച്ഛനമ്മമാരെ കൊണ്ടുപോകാത്തവര്‍ക്കെതിരേ നടപടി എടുക്കണമെന്നു കാണിച്ച് സാമൂഹികനീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരം വയോജനങ്ങളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ അന്തേ വാസികളുടെ ബന്ധുക്കളെ കണ്ടെത്താന്‍ വൃദ്ധസദനങ്ങളും ശ്രമം ആരംഭിച്ച് കഴിഞ്ഞു.
സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിക്കൊണ്ട് പോകുന്ന 16 കേന്ദ്രങ്ങളാണുള്ളത്. ഇവിടെയാകെ 20,000ത്തിലേറെ അന്തേവാസികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 46 ശതമാനത്തോളം പേര്‍ക്ക് മക്കളടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടെന്ന് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തി. ഭൂരിഭാഗവും മക്കളുടെ മര്‍ദനത്തിനിരയായും പീഡനം സഹിക്ക വയ്യാതെയും അബയം തേടിയവരാണ്. .
സാമൂഹികനീതി വകുപ്പ് 2007ല്‍ പാസാക്കിയ വയോജനക്ഷേമ സംരക്ഷണ നിയമമനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ തടവുശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാം. സര്‍ക്കാര്‍സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സദനങ്ങളില്‍ മക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമം. ലീഗല്‍ സര്‍വീസ് അതോറിറ്റിയടക്കമുള്ളവയും സന്നദ്ധ സംഘടനകളും മാതാപിതാക്കളുടെ സംരക്ഷണവുമായ് ബന്ധപ്പെട്ട് ചര്‍ച്ച നടത്താറുണ്ട് എന്നാല്‍, അച്ഛനമ്മമാര്‍ക്കുള്ള ജീവനാംശം നല്‍കാനും അവരെ സംരക്ഷിക്കാനും തയ്യാറാകാത്തവരാണ് ഭൂരിഭാഗവും.