old age lady killed at trivandrum

MURDER

തിരുവനന്തപുരം: ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ കല്ലൂര്‍ക്കോണം പാലാംകോണത്ത് തനിച്ച് താമസിച്ചുവന്ന വൃദ്ധയെ കുത്തികൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍.

പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ കൊടിയ്ക്കകത്ത് പരേതനായ കേശവന്റെ ഭാര്യ ശാരദയെയാണ് (70) വീട്ടുമുറ്റത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ മണികണ്ഠനെ (28)കടയ്ക്കാവൂര്‍ സി.ഐ മുകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അത്താഴത്തിനുശേഷം ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന ശാരദ വീട്ടുമുറ്റത്തെ കിണറിന് സമീപം എന്തോ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അവിടെ മറഞ്ഞുനിന്ന മണികണ്ഠന്‍ ഇവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു.

എതിര്‍ക്കാന്‍ ശ്രമിച്ചതോടെ പിടിവലിയായി. ഒച്ചവച്ച് ബഹളം കൂട്ടുമെന്നായപ്പോള്‍ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ശാരദയുടെ കഴുത്തിലും നെഞ്ചിലും കൈയിലും കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നൊലിച്ച ഇവരെ ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

മണികണ്ഠനാണ് തന്നെ ആക്രമിച്ചതെന്ന് ശാരദ പറഞ്ഞതായി അയല്‍വാസികള്‍ നല്‍കിയ സൂചനയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Top