പനജി: ഇന്ത്യയും റഷ്യയും ഭീകരതയോട് യാതൊരു വിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഫ്ഗാനിസ്ഥാനിലെ ഭീകരത സംബന്ധിച്ചും ഇതേ നിലപാടാണെന്ന് ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു.
അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യയുടെ പിന്തുണയുണ്ട്. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വാതക പൈപ്പ്‌ലൈന്‍ ആരംഭിക്കുന്നതു പരിശോധിക്കുമെന്നും മോദി അറിയിച്ചു
രണ്ട് സുപ്രാധാന പ്രതിരോധ കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.ഇത് പ്രതിരോധ സഹകരണത്തില്‍ വന്‍കുതിച്ചു ചാട്ടമെന്നും മോദി പറഞ്ഞു.
കൂടംകുളം ആണവനിലയത്തില്‍ പുതിയ റിയാക്ടറുകള്‍ക്കുളള ധാരണാപത്രവും ഒപ്പുവെച്ചു.
S400 ദീര്‍ഘദൂര മിസൈല്‍ വാങ്ങാനുളള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. 39000 കോടി രൂപയുടേതാണ് കരാര്‍. ഇന്ത്യന്‍ സൈന്യത്തിനായി റഷ്യയില്‍നിന്ന് 200 ‘കാമോവ് 226 T’ ഹെലികോപ്റ്റര്‍ വാങ്ങും. ഒരു ബില്യന്‍ ഡോളറിന്റെ കരാറിലും ധാരണയായി.
പുതിയ രണ്ടു മിത്രങ്ങളെക്കാള്‍ നല്ലത് പഴയ ഒരു മിത്രമാണ്, ഇന്ത്യയുടെ പഴയ സുഹൃത്താണ് റഷ്യ. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍നിന്ന് ഇവിടെവരെയെത്തുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് പുതിയ ദിശയും രൂപവും വന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ളത് വളരെ പ്രബലവും വിശിഷ്ടവുമായ ബന്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.