വൃദ്ധയായ അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയ മകനെതിരെ കേസ്

പാലാ: മരിച്ച വൃദ്ധയായ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍തള്ളിയ മകന്‍ പിടിയില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്‌സ് ബേബിയെ (46) അറസ്റ്റുചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അമ്മുക്കുട്ടിയും മകന്‍ അലക്‌സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് രണ്ടര വര്‍ഷമായി താമസം. പിതാവ് ബേബി 10 വര്‍ഷം മുമ്പ് മരിച്ചശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കള്‍വിറ്റ അലക്‌സ് അമ്മയെയും കൂട്ടി മറ്റിടങ്ങളിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്‌സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു. രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.

മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് പിടിയിലായ അലക്‌സ് പൊലീസിനോട് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സംശയം തോന്നിയ പൊലീസ് കാറിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കാര്‍ പാലായിലുണ്ടെന്ന് വിവരം ലഭിച്ചു.

മൃതദേഹം തള്ളിയശേഷം അലക്‌സ് കാര്‍ കെ.എസ്.ആര്‍.ടി.സി. പാര്‍ക്കിങ് മൈതാനിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാലായില്‍ ലോഡ്ജില്‍ മുറിയെടുത്തശേഷം വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്തു. പൊലീസ് സംഘം പാര്‍ക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തില്‍ കാത്തുനിന്നു. ഞായറാഴ്ച കാര്‍ എടുക്കാന്‍ അലക്‌സ് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

കോട്ടയം എസ്.പി.യുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫ്., സി.ഐ. വി.എ.സുരേഷ്, പോലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യര്‍, മാണി പി.കെ., അബ്ബാസ് പി.എ., ഷാജിമോന്‍ പി.വി. എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മൃതദേഹം മൂത്തമകന് കൈമാറും.

Top