പത്തനംതിട്ട : പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുഴമ്പ മാനായത് വീട്ടിൽ ജാനകിയാണ് കൊല്ലപ്പെട്ടത് . 92 വയസ്സായിരുന്നു. അർദ്ധരാത്രിയോടെയാണ് സംഭവം. പ്രതി മയില്‍സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കിടപ്പുമുറിയിലാണ് ജാനകിയുടെ മൃതദേഹം കിടന്നിരുന്നത് . കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയ്യാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു.
കത്ത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി ജാനകിയുടെ സഹായിയാണ് പ്രതി മയിൽസ്വാമി. കൂടാതെ ഇയാൾക്ക് സംസാര ശേഷിയും ഇല്ല. മയിൽസ്വാമി കൂടാതെ ഭൂപതി എന്നൊരു സ്ത്രീയും ജാനകിക്ക് സഹായി ആയി കൂടെ ഉണ്ടായിരുന്നു. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി.
രാവിലെ എട്ട് മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ സ്ഥലത്തെത്തി. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് കെജി സൈമണ്‍ പറഞ്ഞു. മയില്‍സ്വാമി തനിച്ചാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന.