തൃശൂര്‍: അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് മന്ത്രിയും ആദ്യമൊന്ന് അമ്പരന്നു.
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഒരു പരിപാടിക്കായി എത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനു മുന്നില്‍ മുഷിഞ്ഞ നാല് പഴയ അഞ്ഞൂറ് രൂപ നോട്ട് നീട്ടി ‘മാറ്റിതരുമോ സാറേ ‘ എന്ന് ചോദിച്ച് പുറനാട്ടുകര സ്വദേശിനി സരോജിനിയാണ് വിതുമ്പിയത്.
വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സരോജനി കാത്ത് സൂക്ഷിച്ച നോട്ടുകളായിരുന്നു ഈ 2000 രൂപ.
കഷ്ടപ്പാട് മൂലമാണ് അവര്‍ മുന്‍പ് സൂക്ഷിച്ചു വച്ചിരുന്ന ഈ പഴയ അഞ്ഞൂറിന്റെ നോട്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഈ നോട്ടുകള്‍ ഇനി സ്വീകരിക്കില്ലെന്നും അസാധുവായെന്നും പരിചയക്കാര് പറഞ്ഞിട്ടും വിശ്വസിക്കാതെ ബാങ്കില്‍ പോയി, പക്ഷേ അവിടെയും കൈമലര്‍ത്തി.
പിന്നെ ഏതോ വിരുതന്മാര് മന്ത്രിയോട് പറഞ്ഞാല്‍ നോട്ട് മാറ്റി തരുമെന്ന് പറയുകയായിരുന്നു. ഇതോടെയാണ് സുനില്‍കുമാറിനെ കണ്ട മാത്രയില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്.
സരോജിനിയുടെ ആവശ്യം കേട്ട മന്ത്രി ഇവരെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നോട്ട് നിരോധിച്ചതോ സമരങ്ങളോ ഒന്നും സരോജിനി അറിഞ്ഞിരുന്നില്ല. ചെലവാക്കാതെ, ബാങ്കിൽ നിക്ഷേപിക്കാതെ ഒരു കരുതൽ പോലെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് വീട്ടുജോലി ചെയ്തുകിട്ടിയ 2000 രൂപ.
മന്ത്രി വിചാരിച്ചാൽ നോട്ട് മാറ്റിക്കിട്ടുമെന്ന അവസാന പ്രതീക്ഷയിലാണ് ഇവർ. മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തുനൽകിയാൽ പുതിയ നോട്ട് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. മന്ത്രിയുടെ കത്തുണ്ടായാൽ നോട്ട് മാറ്റിക്കൊടുക്കാൻ നിയമസാധുതയുണ്ടോയെന്ന് പരിശോധിക്കാമെന്നും നാളെ എന്തായാലും തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി തന്റെ ഫോൺ നമ്പർ സരോജിനിക്ക് കുറിച്ചു നൽകിയിട്ടുണ്ട്.
ഇങ്ങനെ ഒരാവശ്യവുമായി ആദ്യമായാണ് ഒരാൾ തന്റെ മുന്നിലെത്തിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ നോട്ട് മാറ്റികൊടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് മന്ത്രി ഇപ്പോള്‍.