വിന്‍ഡോസ് 11ലേക്ക് സൗജന്യ അപ്‌ഗ്രേഡ് നേടാനുള്ള വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഉപയോക്താക്കള്‍ക്കുള്ള അവസരം മൈക്രോസോഫ്റ്റ് എടുത്തുകളഞ്ഞു. ഈ സിസ്റ്റങ്ങള്‍ക്ക് സുരക്ഷാ അപ്ഡേറ്റുകളോ സാങ്കേതിക പിന്തുണയോ നല്‍കുന്നില്ല, തല്‍ഫലമായി പഴയ ഉല്‍പ്പന്ന കീകള്‍ ഉപയോഗിച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ സജീവമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതും നിര്‍ത്തലാക്കി. വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇനി അപ്‌ഗ്രേഡിന് യോഗ്യത.
വിന്‍ഡോസ് 10 പുറത്തിറക്കിയപ്പോള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8 കീ ഉപയോഗിച്ച് സൗജന്യ അപ്‌ഗ്രേഡ് കമ്പനി അനുവദിച്ചിരുന്നു. വിന്‍ഡോസ് 7, 8 ഉല്‍പ്പന്ന കീകള്‍ക്ക് ഇനി വിന്‍ഡോസ് 11, 10 എന്നിവ സജീവമാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം, ഈ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നത് മൈക്രോസോഫ്ട് നിര്‍ത്തിയതിനാലാണ്.
വിന്‍ഡോസ് 11 അല്ലെങ്കില്‍ 10-നായി ഒരു പുതിയ ഉല്‍പ്പന്ന കീ വാങ്ങുകയോ പണംമുടക്കി അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യാനാകും. പുതിയ ഉല്‍പ്പന്ന കീ വാങ്ങാനോ കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്യാനോ കഴിയുന്നില്ലെങ്കില്‍, ഇപ്പോഴും നിങ്ങളുടെ നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് തുടരാം. പക്ഷേ മൈക്രോസോഫ്ട്ടില്‍ നിന്ന് സുരക്ഷാ അപ്ഡേറ്റുകളോ സാങ്കേതിക പിന്തുണയോ ലഭിക്കുകയില്ല, അത് സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാവുകയും ചെയ്യും.