ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ലെന്ന് സുശീല്‍ കുമാര്‍

ദില്ലി: ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി സുശീല്‍ കുമാര്‍. ചാംപ്യന്‍ഷിപ്പിലെ 74 കിലോ മത്സര വിഭാഗത്തില്‍ പങ്കെടുക്കില്ലെന്ന് 37കാരനായ അദ്ദേഹം പറഞ്ഞു. സുശീല്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമേ ഗോദയില്‍ സജീവമാകൂവെന്നുമാണ് വ്യക്തമാക്കിയത്. അതേസമയം ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചേയ്യേണ്ട കളിക്കാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുശീല്‍ നാഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുശീലിന്റെ കത്ത് അംഗീകരിക്കണമെന്ന് ദേശീയ ഗുസ്തി ഫെഡറേഷനും നാഡയോട് ആവശ്യപ്പെട്ടു. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഗെയിംസില്‍ വെള്ളിയും നേടിയ സുശീല്‍ അടുത്തകാലത്തായി മോശം ഫോമിലായിരുന്നു. ഏഷ്യന്‍ ഗയിംസില്‍ ആദ്യറൗണ്ടില്‍ പുറത്തായ സുശീല്‍, യുവതാരങ്ങള്‍ക്ക് വഴിമാറി കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ജനുവരി 23 മുതല്‍ നോയിഡയിലാണ് ദേശീയ ചാംപ്യന്‍ഷിപ്പ്.

Top