ടോക്യോ: ഒളിംപിക്സ് പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇന്ന് ശക്തരായ സ്പെയ്നെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് കലാശപ്പോരിന് കിക്കോഫാവുക. ലോക ഫുട്‌ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്സില്‍ ആതിഥേയരായ ബ്രസീലിനായിരുന്നു സ്വര്‍ണം.
തുടര്‍ച്ചയായി ഒളിംപിക് സ്വര്‍ണം നേടുന്ന അഞ്ചാമത്തെ മാത്രം ടീമെന്ന നേട്ടത്തിനരികെയാണ് കാനറികള്‍. അതേസമയം രണ്ടാം ഒളിംപിക് സ്വര്‍ണമാണ് സ്പെയ്ന്റെ ലക്ഷ്യം. 1992ലെ ബാഴ്സലോണ ഒളിംപിക്സില്‍ സ്പെയ്നായിരുന്നു ചാമ്പ്യന്‍മാര്‍. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വി മറക്കാന്‍ ടോക്യോയില്‍ ബ്രസീലിന് സ്വര്‍ണം വേണം.
ഗോളടിച്ച് കൂട്ടുന്ന റിച്ചാര്‍ലിസണും ഗോള്‍ തടുത്ത് ഡാനി ആല്‍വസുമാണ് കാനറികളുടെ കരുത്ത്. പെഡ്രി, ഡാനി ഓള്‍മോ, എറിക് ഗാര്‍സ്യ, ഒയാസബാള്‍ തുടങ്ങി യൂറോ കപ്പില്‍ കളിച്ച ഒരുപിടി താരങ്ങളുമായാണ് സ്പെയ്ന്റെ വരവ്. തോല്‍വിയറിയാതെ ഫൈനിലെത്തിയ ഇവരില്‍ ആരാവും കലാശപ്പോരില്‍ സ്വര്‍ണ മെഡലണിയുക എന്ന
ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.