ഒളിമ്പിക്‌സ്; 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസില്‍ സജന്‍ പ്രകാശ് പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസില്‍ സെമി കാണാതെ പുറത്ത്. ഹീറ്റ്‌സില്‍ നാലാമതാണ് താരം ഫിനിഷ് ചെയ്തത്. 1:57:22 ആണ് സജന്റെ സമയം. രണ്ടാം ഹീറ്റിലാണ് സജന്‍ നാലാമത് ഫിനിഷ് ചെയ്തത്. ആകെ അഞ്ച് ഹീറ്റുകളില്‍ മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിഫൈനല്‍ യോഗ്യത നേടുക. ഇതിനുള്ളില്‍ ഉള്‍പ്പെടാന്‍ താരത്തിനു സാധിച്ചില്ല.

അതേസമയം, പുരുഷന്മാരുടെ 69-75 കിലോഗ്രാം ബോക്‌സിംഗില്‍ ഇന്ത്യയുടെ ആശിഷ് കുമാര്‍ എര്‍ബിയെക്കെ തോഹെറ്റയോട് 5-0നു പരാജയപ്പെട്ടു. ആശിഷിന് 28 പോയിന്റ് വീതവും തോഹെറ്റയ്ക്ക് 29 പോയിന്റ് വീതവുമാണ് അഞ്ച് ജഡ്ജുമാരും നല്‍കിയത്.

നേരത്തെ, പുരുഷ അമ്പെയ്ത്തിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്ത്. ദക്ഷിണ കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റത്. കിം യെ ഡെയ്ക്ക്, കിം വൂജിന്‍, ഓഹ് യിന്‍യേക് സഖ്യമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 6-0 ആണ് സ്‌കോര്‍ നില. ഖസാകിസ്ഥാന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. 6-2 ആയിരുന്നു പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സ്‌കോര്‍.

 

Top