ടോക്കിയോ: വന്‍ സന്നാഹവുമായി ടോക്കിയോ ഒളിംപിക്‌സിനെത്തിയ ഇന്ത്യന്‍ ടീം വലിയ ആവേശത്തിലാണ്. പരമാവധി മെഡലുകള്‍ രാജ്യത്തിനായി നേടുക എന്നതാണ്, ഓരോരുത്തരുടെയും ലക്ഷ്യം. ചുരുങ്ങിയത് എട്ടു മെഡല്‍ സാധ്യതയെങ്കിലും നിലവില്‍ ഇന്ത്യക്കുണ്ട്. അവര്‍ ആരൊക്കെയെന്ന് പരിചയപ്പെടാം.
പി.വി സിന്ധു(ബാഡ്മിന്റണ്‍)
റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനോട് പൊരുതിത്തോറ്റ് വെള്ളി മെഡലില്‍ ഒതുങ്ങേണ്ടിവന്ന സിന്ധുവിന് ഇത്തവണ സുവര്‍ണ സാദ്ധ്യതയാണുള്ളത്. മാരിന്‍ ടോക്കിയോയില്‍ നിന്ന് പിന്മാറിയതാണ് അനുകൂലഘടകം. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് സിന്ധു.
ബജ്‌റംഗ് പൂനിയ (റെസ്ലിംഗ്)
ഗുസ്തിയില്‍ ഇന്ത്യയുടെ ശുഭ പ്രതീക്ഷയാണ് ബജ്‌റംഗ്. നാലു വര്‍ഷത്തിനിടെ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ ബജ്‌റംഗ് നേടിയെടുത്തിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണവും സ്വന്തമാക്കി. രണ്ടാം സീഡായാണ് ബജ്‌റംഗ് ടോക്കിയോയില്‍ മത്സരിക്കുന്നത്. ലോക ചാമ്പ്യന്‍ ഗ്വാഴ്ചിമുറാദ് റാഷിദോവില്‍ നിന്നാണ് കടുത്ത വെല്ലുവിളി.
നീരജ് ചോപ്ര (അത്ലറ്റിക്‌സ്)
അത്ലറ്റിക്‌സില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യക്കാരനാകാന്‍ നീരജിന് കഴിയുമോ എന്നതാണ് കായികവിദഗ്ദ്ധര്‍ ഉറ്റുനോക്കുന്ന കാര്യം. ജാവലിന്‍ ത്രോയില്‍ സ്ഥിരമായി 85 മീറ്ററില്‍ കൂടുതല്‍ കണ്ടെത്താന്‍ നീരജിന് കഴിയുന്നുണ്ട്. പേഴ്‌സണല്‍ ബെസ്റ്റായ 88.07 മീറ്റര്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മെഡല്‍ ഉറപ്പ്.
അമിത് ഫംഗല്‍ (ബോക്‌സിംഗ്)
52 കി.ഗ്രാം ഫ്‌ളൈ വെയ്റ്റ് കാറ്റഗറിയിലാണ് അമിത് മത്സരിക്കുന്നത്. ഈയിനത്തില്‍ നിലവിലെ ചാമ്പ്യന്‍ ഷാക്കോബിഡിന്‍ സോയ്‌റോവാണ് പ്രധാന എതിരാളി. സ്വര്‍ണം നേടാനായില്ലെങ്കിലും ഒരു മെഡല്‍ അമിതിലൂടെ പ്രതീക്ഷിക്കാം.
മീരാഭായ് ചാനു (വെയ്റ്റ് ലിഫ്ടിംഗ്)
മുന്‍ ലോക ചാമ്പ്യനും ലോക നാലാം റാങ്കുകാരിയുമാണ് ചാനു. റാങ്കിംഗില്‍ മുന്നിലുള്ള മൂന്നു പേരില്‍ രണ്ടു പേരും ടോക്കിയോയില്‍ മത്സരിക്കാന്‍ എത്തുന്നില്ല. ക്‌ളീന്‍ ആന്‍ഡ് ജെര്‍ക്കില്‍ നിലവിലെ റെക്കാഡ് ചാനുവിന്റെ പേരിലാണ്.
സൗരഭ് ചൗധരി (ഷൂട്ടിംഗ്)
ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ എല്ലാത്തിലും ഏതെങ്കിലുമൊരു മെഡല്‍ ഈ 19കാരന്‍ കഴുത്തിലണിഞ്ഞിരുന്നു. ലോകകപ്പുകളില്‍ താന്‍ കീഴ്‌പ്പെടുത്തിയ ജവാദ് ഫറോഗിയും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ വെയ് പാംഗുമാണ് പ്രധാന എതിരാളികള്‍.
ദീപിക കുമാരി (ആര്‍ച്ചറി)
കഴിഞ്ഞ ലോകകപ്പിലെ സ്വര്‍ണനേട്ടത്തിലൂടെ ദീപിക ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്താണ് ടോക്യോയിലെത്തിരിക്കുന്നത്.
അതാനു ദാസ് (ആര്‍ച്ചറി)
ഈ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ദമ്പതികളാണ് അതാനു ദാസും ദീപികയും. ആര്‍ച്ചറി റിക്കര്‍വ് മിക്‌സഡ് ഡബിള്‍സിലാണ് അതാനുവും ദീപികയും സഖ്യമായി മത്സരിക്കുന്നത്. ഈയിനത്തില്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇവര്‍ സ്വര്‍ണം നേടിയിരുന്നു.