മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 1 മുതല്‍ മേയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്നും കൊവിഡ് വ്യാപനം ശക്തമായേക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനില്‍ 3,139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധ 163,157 ആയി ഉയര്‍ന്നു. 31 രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1712 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2038 പേര്‍ രോഗമുക്തി നേടി. കൊവിഡ് ഭേദമായവരുടെ എണ്ണം 146,677 ആയി ഉയര്‍ന്നു. എന്നാല്‍, കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി കുറഞ്ഞു.
24 മണിക്കൂറിനിടെ 97 കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 590 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 186 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമാനില്‍ രാത്രികാല കര്‍ഫ്യൂ തുടരുകയാണ്. മാര്‍ച്ച് 28 ന് ആരംഭിച്ച രാത്രികാല യാത്രാ വിലക്ക് ഏപ്രില്‍ എട്ടിന് അവസാനിക്കും. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വിലക്ക്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനമായി. വിവിധ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ കായിക പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. കൃത്രിമ ടര്‍ഫിലോ, ജിമ്മുകളിലോ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.