മസ്ക്കറ്റ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ കായിക പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. കൃത്രിമ ടര്‍ഫിലോ, ജിമ്മുകളിലോ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ തുടരുമെന്നും സുപ്രിം കമ്മിറ്റി അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകളിലും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നേരിട്ട് കുട്ടികള്‍ എത്തുന്നത് നിര്‍ത്തിവയ്ക്കാനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. സ്കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇടയില്‍ വ്യാപകമായ രീതിയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലാസ്സുകള്‍ അടച്ചുപൂട്ടാന്‍ തൂരുമാനിച്ചത്. വ്യക്തിപരമായും സ്ഥാപനതലത്തില്‍ ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയാണ് ഇതിന് കാരണമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഓണ്‍ലൈന്‍ പഠനരീതി തുടരാനും സുപ്രിം കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഏപ്രില്‍ നാല് ഞായറാഴ്ച മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരിക.