ഒമാനില്‍ എല്ലാ പ്രായക്കാര്‍ക്കും വാക്‌സിന്‍ വിതരണം തുടങ്ങിയെന്ന വാര്‍ത്ത വ്യാജം

മസ്‌ക്കറ്റ്‌: ഒമാനില്‍ പ്രായപരിധിയില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തേ പ്രഖ്യാപിച്ച നിശ്ചിത വിഭാഗങ്ങള്‍ക്കു മാത്രമേ വാക്സിന്‍ നല്‍കുന്നുള്ളൂ. ഇതില്‍ മാറ്റം വരുത്തിയാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വിവരമറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കിഡ്‌നി രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, ആസ്ത്മ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഒമാനില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ പ്രായപരിധി ഒഴിവാക്കിയതായും ഇനിമുതല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നുമുള്ള സോഷ്യല്‍ മീഡിയ പ്രചാരണം സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. നിലവില്‍ 60 വയസ്സിനും അതിനും മുകളിലും പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെങ്കിലും 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് 1144 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ചാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Top