ഒമാനില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഒമാന്‍: ഒമാനില്‍ പ്രതിദിനം ശരാശരി 172 ജീവനക്കാര്‍ എന്ന തോതില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നതായി കണക്കുകള്‍. ഒളിച്ചോടുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

2016ല്‍ 63,000 തൊഴിലാളികളാണ് ഒളിച്ചോടിയത്. 2015ല്‍ ഇത്തരക്കാരുടെ എണ്ണം 60,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതില്‍ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫ്രീ വിസയില്‍ എത്തുന്നവരാണ് ഒളിച്ചോടുന്നവരില്‍ കൂടുതലുമെന്ന് മന്ത്രാലയം അറിയിച്ചു. ഫ്രീ വിസ സമ്പ്രദായം രാജ്യത്തു നിലവിലില്ലെങ്കിലും ഫ്രീ വിസയില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ നിരവധിയാണ്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് ഇങ്ങനെ എത്തുന്നതില്‍ കൂടുതലുമുള്ളത്. ഫ്രീ വിസ സമ്പ്രദായം നിയമ വിരുദ്ധമാണ്. ലേബര്‍ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെടുന്നത്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന ഇവരില്‍ ചിലര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് പറയുന്നു.

Top