സ്വദേശിവല്‍ക്കരണം; ഒമാനില്‍ 2500 പ്രവാസി അധ്യാപകര്‍ പുറത്തായി

മസ്‌ക്കറ്റ്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന ഒമാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ജോലികള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനം നടപ്പിലാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി 2500ഓളം പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുവഴി ആദ്യഘട്ടത്തില്‍ 1455 പുരുഷന്‍മാരും 1014 സ്ത്രീകളും ഉള്‍പ്പെടെ 2469 ഒമാനി അധ്യാപകര്‍ക്ക് തൊഴില്‍ നല്‍കാനായതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്ലാമിക് എജുക്കേഷന്‍, അറബി, ഫ്രഞ്ച് ഭാഷാപഠനം, ഗണിതം, കെമിസ്ട്രി, ഫിസിക്സ്, ബയോളജി,ഹിസ്റ്ററി, ഐടി, ആര്‍ട്സ്, മ്യൂസിക്, സ്പോര്‍ട്സ്, ഭിന്നശേഷിക്കാര്‍ക്കുള്ള സ്പെഷ്യല്‍ എജുക്കേഷന്‍ വിഷയങ്ങളള്‍ തുടങ്ങിയ മേഖലകളിളെ പ്രവാസി അധ്യാപകര്‍ക്കാണ് ജോലി നഷ്ടമായത്. നേരത്തേ വിദ്യാഭ്യാസ മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് നടപടി.

വിദ്യാഭ്യാസ മേഖലയ്ക്കു പുറമെ, ആരോഗ്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലും സ്വകാര്യ വല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 4000 ഒമാനികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ 830 പേര്‍ക്കും കോളേജുകളില്‍ 115 പേര്‍ക്കും മുനിസിപ്പാലിറ്റി മേഖലയില്‍ നൂറോളം പേര്‍ക്കും ജോലി നല്‍കാന്‍ സാധിച്ചതായും മന്ത്രാലയം വിലയിരുത്തി.

Top