സലാല: മൂന്നുമാസം ഗര്‍ഭിണിയായിരുന്ന നഴ്‌സ് അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് (27) ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സനും അയല്‍വാസിയായ പാക്ക് പൗരനും നിരീക്ഷണത്തിലെന്ന് സൂചന.
ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചിക്കുവിനെ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
നാലുവര്‍ഷമായി ഒമാനില്‍ നഴ്സ് ആയ ചിക്കു ഏഴുമാസം മുന്‍പാണു വിവാഹിതയായത്. പ്രസവത്തിനായി സെപ്റ്റംബറില്‍ നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു.
ചിക്കു ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ലിന്‍സന്‍. ചിക്കു ജോലിക്ക് എത്താത്തതിനെ തുടര്‍ന്നു ഫ്‌ലാറ്റില്‍ അന്വേഷിച്ചുചെന്നപ്പോഴാണു കുത്തേറ്റു കിടക്കുന്നതു കണ്ടതെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമായിരുന്നു ഇതുവരെയുള്ള വിവരം. ചെവി അറുത്തു കമ്മലുകള്‍ കവര്‍ന്നിരുന്നു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിരുന്നു.