മസ്‌ക്കറ്റ്: ഒമാന്‍ ജനസംഖ്യയുടെ പകുതിയിലേറെ പേരും പൊണ്ണത്തടിയുള്ളവരാണെന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍ സഈദിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. പൊണ്ണത്തടിയുളളവരില്‍ 30 ശതമാനം പേരുടെയും ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) 30ല്‍ കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. ഒമാന്‍ ആരോഗ്യ രംഗം നേരിടുന്ന ഗുരുതരമായ പ്രശ്നമാണിത്.
2008ലെ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊണ്ണത്തടിയുടെ നിരക്ക് രാജ്യത്ത് വര്‍ധിച്ചതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക ഒബിസിറ്റി ദിനാചരണവുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന ഒബിസിറ്റി ഇന്‍ ഒമാന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊണ്ണത്തടി ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ലെന്നും ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്ന വിഷമാണെന്നും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതിന്റെ കാരണങ്ങള്‍ പലതാണെങ്കിലും ഭക്ഷണ രീതിയും വ്യായാമത്തിലെ കുറവുമാണ് ഇതിന്റെ അടിസ്ഥാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു. ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ കാരണം ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി വര്‍ധിച്ചു. സാങ്കേതികവിദ്യകള്‍ വര്‍ധിച്ചതോടെ ആളുകളുടെ ശരീരാധ്വാനം ഗണ്യമായി കുറയുകയും ചെയ്തു. ഇത് പൊണ്ണത്തടിയുടെ പ്രശ്നം രൂക്ഷമാക്കാന്‍ ഇടവരുത്തിയതായും അദ്ദേഹം അറിയിച്ചു.
പ്രശ്‌ന പരിഹാരത്തിനായിആരോഗ്യ വകുപ്പ് മാത്രം വിചാരിച്ചാല്‍ സാധിക്കില്ലെന്നും മറിച്ച് എല്ലാ മേഖലകളുടെയും കൂട്ടായതും ആസൂത്രിതവുമായ പ്രവര്‍ത്തനം അനിവാര്യമാണ്. അതിന് അനുസൃതമായ നിയമനിര്‍മാണങ്ങളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.