മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും ബന്ധുക്കളെ കാണാന്‍ അനുമതി

ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വീട്ട് തടങ്കലില്‍ കഴിഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്കും പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബുബ മുഫ്തിക്കും ബന്ധുകളെ കാണാന്‍ അനുമതി.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിനു ഇരുവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു.

ഒമര്‍ അബ്ദുള്ളയ്ക്ക് ഈ ആഴ്ചയില്‍ രണ്ട് തവണ ബന്ധുകളെ കാണാനാണ് അനുമതി ലഭിച്ചത്. അബ്ദുള്ളയുടെ സഹോദരി സഫീയ, അവരുടെ മക്കള്‍ക്കുമാണ് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മെഹബുബ മുഫ്തിയുടെ അമ്മയ്ക്കും സഹോദരിക്കുമാണ് കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ശ്രീനഗറിലെ ഹരിനിവാസിലാണ് ഒമറിനെ താമസിപ്പിച്ചിട്ടുള്ളത്. ഒമറിന്റെ സഹോദരി സഫിയയും മക്കളും ഒമറുമായി കുടിക്കാഴ്ച നടത്തിയെന്നും നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌ .20 മിനിറ്റ് സമയം മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത്.

അതേസമയം, വീട്ടുതടങ്കലിലായ കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് തരിഗാമിയെക്കാണാന്‍ യെച്ചൂരി എത്തിയത്.

കശ്മീര്‍ താഴ്വരയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് വരികയാണ്.ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുന്നത്.

Top