ശ്രീനഗര്‍: താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു.
തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കില്‍ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കാന്‍ ആവശ്യപ്പെടുമോയെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു.
ഇന്ത്യ താലിബാനുമായി ദോഹയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. താലിബാന്‍ ഉപമേധാവിയുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡറാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അഫ്ഗാന്‍ മണ്ണ് ഭീകരവാദികള്‍ക്ക് താവളമാകരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.