ആര്‍ട്ടിക്കിള്‍ 370 നീക്കി മാസങ്ങള്‍ കഴിഞ്ഞു; പ്രമുഖ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതിന് മാസങ്ങള്‍ക്കു ശേഷവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ പോലും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെ. കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും പ്രമുഖനായ നേതാവാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ഒമര്‍ അബ്ദുല്ല.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രം ഒമര്‍ അബ്ദുല്ലയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളിലും ഇതേ കുറിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. നരച്ച താടിയും മുടിയുമായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊതുവേ താടിയില്ലാതെ കാണപ്പെടുന്ന ആളാണ് ഒമര്‍ അബ്ദുല്ല. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ നരച്ച നീളന്‍ താടിയുണ്ട്. എപ്പോഴും ക്ലീന്‍ ഷേവായി കാണപ്പെടുന്ന ഒമര്‍ അബ്ദുല്ല തന്നെയാണോ ഇതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ ഒമര്‍ അബ്ദുല്ലയുടേത് എന്ന് തോന്നിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒമര്‍ അബ്ദുല്ലയെ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് മമത ട്വീറ്റില്‍ പറയുന്നത്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് കേന്ദ്രം കൊണ്ടുവന്നത്. അതില്‍ പ്രധാനവും ഏറ്റവും കൂടുതല്‍ വിവാദവുമായ ഒന്നാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍.

ഒമറിന് പുറമെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്റ്റി തുടങ്ങിയവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

Top