മലയാള സിനിമയിലെ ആദ്യ 200 കോടി സിനിമാ പ്രതീക്ഷകളുമായി സംവിധായകന് ഒമര്‍ ലുലു. ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുമ്പോഴാണ് ഒമര്‍ ലുലുവിന്റെ പുതിയ പ്രഖ്യാപനം. ദുല്‍ഖറെ നായകനാക്കി താന്‍ സിനിമ ചെയ്താല്‍ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം പിറക്കുമെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
ഫേസ്ബുക്കിലൂടെ ആരാധകന്റെ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംവിധായകന് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ, ‘നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ഥ 200 കോടി പിറക്കും. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലൊരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കളക്ട് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കും.’ -മറുപടിയായി ഒമര്‍ ലുലു കുറിച്ചു.
‘കുറുപ്പ്’ സിനിമയുടെ ഖത്തറിലെ ഫാന്‍സ് ഷോയില്‍ പങ്കെടുത്ത ചിത്രത്തിന് താഴെയായിരുന്നു ഒമര്‍ ലുലു ആരാധകനുമായി സംവദിച്ചത്. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഒമര്‍ ലുലു. തരംഗമായി മാറിയ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം ചങ്ക്സ്, ധമാക്ക എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.